11:54pm 21 June 2026
NEWS
'അമ്മ'യിൽ അപ്രതീക്ഷിത പ്രതിസന്ധി; പ്രസിഡന്റടക്കം മുഴുവൻ ഭരണസമിതിയും രാജിവെച്ചു
21/06/2026  04:56 PM IST
nila
അമ്മയിൽ അപ്രതീക്ഷിത പ്രതിസന്ധി; പ്രസിഡന്റടക്കം മുഴുവൻ ഭരണസമിതിയും രാജിവെച്ചു

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം വൻ വിവാദങ്ങൾക്കും ഭരണപ്രതിസന്ധിക്കും വഴിവെച്ചു. വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ച തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ഇതോടെ സംഘടനയുടെ നേതൃത്വം വീണ്ടും അഡ്ഹോക്ക് കമ്മിറ്റിക്ക് കൈമാറാനുള്ള സാഹചര്യം രൂപപ്പെട്ടു.

വാർഷിക റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി അംഗങ്ങൾ എതിർപ്പുമായി രംഗത്തെത്തി. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ റിപ്പോർട്ട് നിലവിലെ രൂപത്തിൽ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് യോഗം സംഘർഷഭരിതമായത്.

വിവാദങ്ങൾക്കിടെ വേദിയിലെത്തി സംസാരിച്ച ശ്വേത മേനോൻ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ലെന്ന് പ്രഖ്യാപിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും, തന്നെ രാഷ്ട്രീയമായി മുദ്രകുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അവർ ആരോപിച്ചു. വികാരഭരിതമായ പ്രസംഗത്തിനൊടുവിൽ ശ്വേത വേദി വിടുകയും ചെയ്തു.

ശ്വേതയെ അനുനയിപ്പിക്കാൻ മുതിർന്ന അംഗങ്ങൾ ശ്രമിച്ചെങ്കിലും പിന്നീട് ഭരണസമിതി ഒന്നടങ്കം രാജി സമർപ്പിക്കുകയായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും മറ്റ് ഭാരവാഹികളും രാജിയിൽ പങ്കുചേർന്നു.

സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. ജനറൽ ബോഡിയിൽ ഉണ്ടായ തർക്കങ്ങൾ 'അമ്മ'യുടെ നേതൃത്വത്തെയും പ്രവർത്തനരീതിയെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img